യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് നിരക്കുകള്‍ കുത്തനെ കൂട്ടി; 14 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധനവ് പ്രാബല്യത്തില്‍

0

ദുബായ്: യുഎഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തികൊണ്ട്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പുതുക്കിയ പാസ്പോര്‍ട്ട് സേവന നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസുകളില്‍ ഇത്രയും വലിയൊരു വര്‍ധനവ് വരുത്തുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ നിരക്കുകള്‍ ഏകീകരിക്കുന്നതിനുള്ള പാസ്പോര്‍ട്ട് അമന്‍ഡ്മെന്റ് പ്രകാരമാണ് പുതിയ ഘടന.

അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, യുഎഇയിലുടനീളമുള്ള പുതിയ ഔദ്യോഗിക പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം പരിഷ്‌കരിച്ച നിരക്കുകള്‍ ഒരേപോലെ ബാധകമായിരിക്കും.

പുതിയ നിരക്കുകള്‍ ഒറ്റ നോട്ടത്തില്‍

സാധാരണക്കാരായ പ്രവാസികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുതിര്‍ന്നവരുടെ സാധാരണ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള നിരക്ക് വര്‍ധനവാണ്.

1. സാധാരണ അപേക്ഷകള്‍

36 പേജ് സാധാരണ പാസ്പോര്‍ട്ട്: 450 ദിര്‍ഹം (മുന്‍പ് ഇത് 285 ദിര്‍ഹമായിരുന്നു. ഏകദേശം 60 ശതമാനം ശതമാനം വര്‍ധനവ്)
60 പേജ് ജംബോ പാസ്പോര്‍ട്ട്: 630 ദിര്‍ഹം (മുന്‍പ് ഇത് 380 ദിര്‍ഹമായിരുന്നു)

2. അടിയന്തര അപേക്ഷകള്‍

36 പേജ് തത്കാല്‍ പാസ്പോര്‍ട്ട്: 900 ദിര്‍ഹം
60 പേജ് തത്കാല്‍ പാസ്പോര്‍ട്ട്: 1,080 ദിര്‍ഹം

3. പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍

ഈ വിഭാഗത്തിലാണ് ഏറ്റവും വലിയ നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
36 പേജ് അപേക്ഷ (സാധാരണ): 900 ദിര്‍ഹം, തത്കാല്‍: 1,350 ദിര്‍ഹം
60 പേജ് അപേക്ഷ (സാധാരണ): 1,080 ദിര്‍ഹം, തത്കാല്‍: 1,530 ദിര്‍ഹം

4. മൈനര്‍ അപേക്ഷകള്‍ (18 വയസ്സിന് താഴെയുള്ള കുട്ടികള്‍)

36 പേജ് സാധാരണ പാസ്പോര്‍ട്ട്: 325 ദിര്‍ഹം (മുന്‍പ് 190 ദിര്‍ഹം)
36 പേജ് തത്കാല്‍ പാസ്പോര്‍ട്ട്: 775 ദിര്‍ഹം

കുട്ടികള്‍ക്ക് പ്രത്യേക ഇളവ്: എട്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അടിസ്ഥാന നിരക്കില്‍ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് സാധാരണ അപേക്ഷയ്ക്ക് 295 ദിര്‍ഹവും തത്കാലിന് 700 ദിര്‍ഹവും നല്‍കിയാല്‍ മതിയാകും. എന്നാല്‍ നിലവിലുള്ള പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ബാധകമല്ല.
അനുബന്ധ സേവനങ്ങള്‍ക്കും പോക്കറ്റ് ചോരും

പാസ്പോര്‍ട്ട് അപേക്ഷകള്‍ക്ക് പുറമെ, പ്രവാസികള്‍ക്ക് പതിവായി ആവശ്യമായി വരുന്ന മറ്റ് അനുബന്ധ കോണ്‍സുലര്‍ സേവനങ്ങളുടെ നിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്:

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: 145 ദിര്‍ഹം (മുന്‍പ് 95 ദിര്‍ഹം)

പാസ്പോര്‍ട്ട് റദ്ദാക്കല്‍ സര്‍ട്ടിഫിക്കറ്റ്: 145 ദിര്‍ഹം

അടിയന്തര യാത്രാ രേഖകള്‍: 60 ദിര്‍ഹം

തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുകള്‍: 180 ദിര്‍ഹം

പുതിയ ഏജന്‍സിയും പുതിയ മാറ്റങ്ങളും

യുഎഇയിലെ കോണ്‍സുലര്‍ സേവനങ്ങളുടെ ചുമതല പൂര്‍ണമായും അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പുതിയ ഏജന്‍സി ഏറ്റെടുക്കുന്ന ചരിത്രപരമായ മാറ്റത്തിനൊപ്പമാണ് ഈ നിരക്ക് വര്‍ധനവും നടപ്പിലാകുന്നത്.

ഇതുവരെ പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ക്കായി പ്രവാസികള്‍ വെവ്വേറെ ഏജന്‍സികളെ സമീപിക്കേണ്ടിയിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ അല്‍ഹിന്ദിന്റെ കീഴിലുള്ള പുതിയ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകും.

മുകളില്‍ നല്‍കിയിട്ടുള്ള അടിസ്ഥാന സര്‍ക്കാര്‍ നിരക്കുകള്‍ക്ക് പുറമെ, ഓരോ അപേക്ഷയ്ക്കും അല്‍ഹിന്ദ് ഏജന്‍സിയുടെ സര്‍വീസ് ചാര്‍ജും (പ്രതിദിന ട്രാന്‍സാക്ഷന് 19 ദിര്‍ഹം വീതം), പ്രവാസി ക്ഷേമ നിധി വിഹിതവും അപേക്ഷകര്‍ വെവ്വേറെ നല്‍കേണ്ടതുണ്ട്. തത്കാല്‍ സേവനങ്ങള്‍ ഒഴികെയുള്ള സാധാരണ അപേക്ഷകളില്‍ മുതിര്‍ന്നവരുടെ പാസ്പോര്‍ട്ടുകള്‍ക്ക് 10 വര്‍ഷവും കുട്ടികളുടേതിന് അഞ്ച് വര്‍ഷവുമായിരിക്കും പരമാവധി കാലാവധി

You might also like