യുജിസി-നെറ്റ്: പിഴവുകള്‍ കാരണം മൂന്ന് വിഷയങ്ങള്‍ക്ക് പുനപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

0

ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിലെ ചോദ്യ പേപ്പറുകളിലെ ഗുരുതര പിഴവുകളെ തുടര്‍ന്ന് മൂന്ന് വിഷയങ്ങള്‍ക്ക് പുനപരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചു. ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി എന്നി വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടക്കുക. സെപ്റ്റംബര്‍ 9, 10 തിയതികളില്‍ നടത്തുന്ന ഈ പുനപരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കില്ല.

അതേസമയം മറ്റ് 84 വിഷയങ്ങളുടെ പരീക്ഷാ ഫലം മുന്‍പ് നിശ്ചയിച്ച സമയത്ത് തന്നെ പ്രസിദ്ധീകരിക്കും. ജൂണില്‍ നടന്ന പരീക്ഷയിലെ ചോദ്യ പേപ്പറുകളില്‍ വസ്തുതാപരമായ തെറ്റുകള്‍, അച്ചടി-വിവര്‍ത്തന പിഴവുകള്‍, വ്യാകരണപരമായ പോരായ്മകള്‍ എന്നിവ വ്യാപകമായി കണ്ടെത്തിയിരുന്നു. പ്രമുഖ പണ്ഡിതരുടെയും പുസ്തകങ്ങളുടെയും പേരുകള്‍ തെറ്റായി നല്‍കിയതും മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ വന്‍തോതില്‍ ആവര്‍ത്തിച്ചതും വിവാദമായിരുന്നു.

പരാതികള്‍ വര്‍ധിച്ചതോടെ എന്‍ടിഎ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പരിശോധനയിലാണ് വീഴ്ചകള്‍ സ്ഥിരീകരിച്ചത്. ഉത്തര സൂചികയില്‍ നിന്ന് തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് മൂന്ന് വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്താന്‍ ഏജന്‍സി തീരുമാനിച്ചത്

You might also like