
ലഹരി പരിശോധനയില്‍ രണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂടി കുടുങ്ങി; ഫലം പോസിറ്റീവ്
ന്യൂഡല്‍ഹി: തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധന വ്യാപകമാക്കിയതോടെ എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി കുടുങ്ങി.
പ്രഥമിക പരിശോധനയില്‍ ലഭ്യമായ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അത് ലഭിക്കാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് പൈലറ്റുമാര്‍ക്കെല്ലാം കമ്പനി നിര്‍ബന്ധിത ഡ്രഗ് ടെസ്റ്റ് ഏര്‍പ്പെടുത്തിത്.
ഓഗസ്റ്റ് നാലിന് അപകടത്തില്‍പ്പെട്ട ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി നേരത്തേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെ നിയന്ത്രണം വിട്ടതോടെ വിമാനം നാല് സെക്കന്‍ഡ് നേരം സ്വയം പറന്നു. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റിരുന്നു
