
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്ന സാഹചര്യത്തില്‍ ഇതുവഴി സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ നിന്ന് പുതിയ സര്‍വീസ് ഫീസുകള്‍ ഈടാക്കുമെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്ന സാഹചര്യത്തില്‍ ഇതുവഴി സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ നിന്ന് പുതിയ സര്‍വീസ് ഫീസുകള്‍ ഈടാക്കുമെന്ന് ഇറാന്‍. ചൈനയിലെ ബെയ്ജിങില്‍ നടന്ന വേള്‍ഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുല്‍റസൂല്‍ റഹ്‌മാനി ഫസ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് ഒരു ടോള്‍ അല്ലെന്നും മറിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കപ്പലുകളുടെ ഗതാഗതം മേല്‍നോട്ടം വഹിക്കുന്നതിനും വേണ്ടിയുള്ള ഫീസാണെന്നും അദേഹം പറഞ്ഞു. വന്‍തോതിലുള്ള കപ്പല്‍ ഗതാഗതം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് ഫസ്ലി അറിയിച്ചു.
കൂടാതെ, പ്രയാസകരമായ സമയങ്ങളില്‍ ഇറാന് ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ഫീസില്‍ പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുമെന്നും അദേഹം ഉറപ്പു നല്‍കി.
ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. പശ്ചിമേഷ്യയിലെ യുദ്ധ സമയത്ത് ഇറാന്‍ ഈ പാത ഏതാണ്ട് പൂര്‍ണമായും അടച്ചിട്ടതോടെ ആഗോള ഇന്ധന വിപണിയില്‍ വന്‍ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു
