
വേനല്‍ക്കാല യാത്രകളില്‍ സുരക്ഷയും ജാഗ്രതയും; പ്രവാസികള്‍ക്ക് ദുബായ് പൊലീസിന്റെ കര്‍ശന നിര്‍ദേശം
ദുബായ്: വേനല്‍ക്കാല അവധി ആഘോഷങ്ങള്‍ക്കായി വിദേശങ്ങളിലേക്ക് യാത്ര തിരിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രധാന സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് ദുബായ് പൊലീസ്. യാത്രാ വേളകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, അവധിക്കാലത്തെ തിരക്ക് മുതലെടുത്ത് സജീവമാകുന്ന ഓണ്‍ലൈന്‍ യാത്രാ തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
ദുബായ് പൊലീസ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ചൈല്‍ഡ് ആന്റ് വുമണ്‍ പ്രൊട്ടക്ഷന്‍ വിഭാഗവും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആന്റി ഫ്രോഡ് സെന്ററുമാണ് ഈ സുപ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്കായി പങ്കുവെച്ചത്.
ചില വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള കര്‍ശനമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ ധാരണയുണ്ടാകണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പലപ്പോഴും മാതാപിതാക്കള്‍ നിസാരമെന്ന് കരുതുന്ന വീഴ്ചകള്‍ പോലും വിദേശത്ത് വലിയ നിയമ നടപടികള്‍ക്ക് കാരണമായേക്കാം. കുട്ടികളെ ഹോട്ടല്‍ മുറികളിലോ ഹോളിഡേ അപ്പാര്‍ട്ട്‌മെന്റുകളിലോ ഒരു കാരണവശാലും തനിച്ചാക്കി പുറത്തുപോകരുത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും കുട്ടികളെ നിരന്തരം നിരീക്ഷിക്കേണ്ടതും അവരുമായി കൃത്യമായ ആശയ വിനിമയം നിലനിര്‍ത്തേണ്ടതും മാതാപിതാക്കളുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്
