കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നി പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കു പുറമെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും ചില സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് നടപടി.

പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കാസര്‍കോട്, ഇടുക്കി, കോട്ടയം എന്നി ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും ഈ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് വയനാട്, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.

അതേസമയം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും ഈ ജില്ലകളില്‍ അവധിയായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരും

You might also like