നാല് പുതിയ കോവിഡ് കേസുകൾ കൂടി മെൽബണിൽ സ്ഥിരീകരിച്ചു
വിക്ടോറിയ : വിക്ടോറിയയിൽ ഏഴ് ദിവസത്തെ ലോക്ക്ഡൗണ് ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം വിക്ടോറിയയിൽ ഇത് നാലാം തവണയാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്.
നാല് പുതിയ കോവിഡ് കേസുകൾ കൂടി മെൽബണിൽ സ്ഥിരീകരിച്ചു. പുതുതായി സ്ഥിരീകരിച്ച നാല് കേസുകളും നിലവിലുള്ള ക്ലസ്റ്ററുമായി ബന്ധമുള്ളതാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
കോൺടാക്ട് ട്രേസിംഗ്ന്റെ ഭാഗമായി 15,000 ലേറെ പേരെ രോഗബാധിതരുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .
പോർട്ട് മെൽബണിലെയും വിറ്റിൽസിയിലെയും ക്ലസ്റ്ററുകളിലായി ഇതുവരെ 30 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രണ്ട് ക്ലസ്റ്ററുകളും തമ്മിൽ ബന്ധമുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
പ്രാദേശികമായുള്ള നാല് രോഗബാധക്ക് പുറമെ വിദേശത്ത് നിന്ന് തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്ന രണ്ട് പേരിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 47,662 പരിശോധനകളിൽ നിന്നാണ് പുതിയ കൊവിഡ് കണക്കുകൾ.
വിക്ടോറിയയിൽ വെള്ളിയാഴ്ച്ച (ഇന്ന്) മുതൽ 40 വയസ്സിനും 49 വയസ്സിനും ഇടക്ക് പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വീകരിക്കാൻ കഴിയും. ഫൈസർ വാക്‌സിനാണ് മാസ്സ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നൽകുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച്ച 17,223 പേർ വാക്‌സിനേഷൻ സ്വീകരിച്ചു. ഇത് വിക്ടോറിയയിലെ ഏറ്റവും ഉയർന്ന പ്രതിദിന വാക്‌സിനേഷൻ നിരക്കാണ്.
വിക്ടോറിയയിൽ രോഗം സ്ഥിരീകരിച്ചവർ സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളുടെ പുതുക്കിയ പട്ടിക ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ മോർഡിയാലക്കിലെ സ്പോർട്ടിങ് ക്ലബ് ഉൾപ്പെടുന്നു.
രോഗബാധയുള്ളവർ സന്ദർശിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ഐസൊലേറ്റ് ചെയ്യണെമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പുതുക്കിയ പട്ടികയിലെ ഇടങ്ങളിൽ ചെക്ക് ഇൻ ചെയ്യാത്തവരും രോഗബാധിതർ സന്ദർശനം നടത്തിയ സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ ഐസൊലേറ്റ് ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു.