ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനില്‍ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഐആര്‍ജിസി

0

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് കിഴക്കുഭാഗത്ത് മൈനില്‍ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) അവകാശവാദം. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹോര്‍മുസ് കടലിടുക്കിന് കിഴക്കുഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലാണ് നാവിക മൈനില്‍ ഇടിച്ചതെന്നാണ് ഐആര്‍ജിസിയുടെ വിശദീകരണം. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അപകടത്തില്‍ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കപ്പല്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്തിരുന്നതായും നിയന്ത്രിത മേഖലയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഐആര്‍ജിസി നാവിക വിഭാഗം ആരോപിച്ചു. കപ്പലിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്ന സൂചനയും പ്രസ്താവനയിലുണ്ട്.

എന്നാല്‍ കപ്പല്‍ തീപിടിച്ചതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഐആര്‍ജിസി പുറത്തുവിട്ടിട്ടില്ല. എണ്ണക്കപ്പലിന് തീപിടിച്ചെന്ന അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You might also like