ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രിംകമ്മിറ്റി

ദില്ലി: ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രിംകമ്മിറ്റി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കും പ്രവേശനം അനുവദിക്കുക. ഏപ്രിൽ 25ന് പ്രാബല്യത്തിൽ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും ഒമാനിലേക്ക് പ്രവേശിക്കാനാകില്ല.
ബ്രിട്ടൺ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ സുപ്രിംകമ്മിറ്റി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ പള്ളികളിൽ നൂറുപേർക്ക് വരെ ഒരേ സമയം പ്രവേശിക്കാം. അഞ്ചുനേരത്തെ നിസ്‌കാര സമയങ്ങളിൽ മാത്രമാണ് പ്രവേശിക്കാനാവുക. ഹോട്ടലുകളിലും കഫേകളിലും ഒരേസമയം 50 ശതമാനത്തിൽ കൂടുതൽ പേർ പാടില്ല. 12 വയസിൽ മുകളിലുള്ള കുട്ടികൾക്ക് ഷോപ്പിംഗ് മാളുകളിൽ പ്രവേശനാനുമതിയുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് സ്വദേശികൾക്കും താമസക്കാരായ വിദേശികൾക്കും തര അതിർത്തി വഴി ദിനം പ്രതിയുള്ള യാത്രകൾക്കും അനുമതി നൽകിക്കൊണ്ടാണ് ഇളവുകൾ.