ഡെല്‍റ്റ ബ്രിട്ടനില്‍ പടരുന്നു, ഒരാഴ്ചക്കിടെ 5000ലധികം വൈറസ് ബാധിതര്‍; ആശുപത്രി സാധ്യത കൂടുതല്‍
ലണ്ടന്‍: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് ഡെല്‍റ്റ വകഭേദം പടരുന്നതില്‍ ബ്രിട്ടനില്‍ ആശങ്ക. ഒരാഴ്ചക്കിടെ 5472 പേരിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ഇതോടെ ഡെല്‍റ്റ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 12,431 ആയതായി ബ്രിട്ടന്‍ ആരോഗ്യവിഭാഗം അറിയിച്ചു.
ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരില്‍ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്ന വിലയിരുത്തലാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
അതിനാല്‍ കടുത്ത ജാഗ്രതയിലാണ് ബ്രിട്ടന്‍. കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍ അത് തെരഞ്ഞെടുക്കാന്‍ മറക്കരുത്. കൈയും മുഖവും സ്ഥിരമായി ശുചിയാക്കുക, സാമൂഹികാകലം പാലിക്കുക, ശുദ്ധവായു ശ്വസിക്കുക തുടങ്ങിയവ തുടര്‍ന്ന് ശീലമാക്കണം. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് അത് എടുക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരീസ് ഓര്‍മ്മിപ്പിച്ചു.
കെന്റ് പ്രദേശത്ത് കണ്ടെത്തിയ മറ്റൊരു കോവിഡ് വകഭേദമായ ആല്‍ഫയേക്കാള്‍ അപകടസാധ്യത കൂടുതലാണ് ഡെല്‍റ്റ വകഭേദത്തിനെന്നാണ് വിലയിരുത്തല്‍. ഡെല്‍റ്റ ബാധിച്ചവരുടെ എണ്ണം ഉടന്‍ തന്നെ ആല്‍ഫ ബാധിച്ചവരെ മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരില്‍ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലാണ് കൂടുതലായി ഈ വകഭേദം കണ്ടുവരുന്നത്. രണ്ടു ഡോസുകളും എടുക്കുന്നത് ഡെല്‍റ്റയ്‌ക്കെതിരെ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.