‘മാര്‍ക്കറ്റും ഷോപ്പിങ് മാളുകളും തുറക്കാം’; ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ചു
ദില്ലി: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കും. പകുതി കടകൾ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകൾ എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് മണി വരെ തുറക്കാമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ തുറന്നുപ്രവർത്തിക്കാം. പൊതുമേഖല സ്ഥാപനങ്ങളിൽ ഗ്രൂപ്പ് എ ജീവനക്കാർക്ക് എല്ലാ ദിവസവും ഓഫീസിലെത്താം. ഇതിന് താഴെയുള്ള ഗ്രൂപ്പുകളിലെ ജീവനക്കാരിൽ 50 ശതമാനം ഓഫീസിലെത്തിയാൽ മതി. അതേസമയം സാധ്യമായ സ്ഥാപനങ്ങളെല്ലാം നിലവിലെ വർക്ക് ഫ്രം ഹോം സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 50 ശതമാനം യാത്രക്കാരുമായി ഡൽഹി മെട്രോയും സർവീസ് നടത്തും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു.