ഇന്ന് രാജ്യാന്തര യോഗ ദിനം; ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കാൻ ആഹ്വാനം
ഇന്ന് രാജ്യാന്തര യോഗ ദിനം. ആരോഗ്യത്തിനും മനസുഖത്തിനുമായി ദിവസത്തില്‍ ഒരുമണിക്കൂറെങ്കിലും യോഗ അഭ്യസിക്കുന്നത് ശീലമാക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ ദിനം.
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തമായ ശക്തിചൈതന്യമുണര്‍ത്തി അവനെ പരിപൂര്‍ണതയുടെ വിഹായുസിലേക്ക് നയിക്കുക എന്നതാണ് യോഗശാസ്ത്രത്തിന്റെ ലക്ഷ്യം.ഈ ലക്ഷ്യത്തിലേക്ക് വഴിനടക്കാനുള്ള വിധികളാണ് യോഗാസനങ്ങളെല്ലാം. രാജ, കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങളായി വിഭജിക്കപ്പെടുന്നുവെങ്കിലും അന്തസത്ത ഒന്ന് തന്നെയാണ്. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസുകൂടി സൃഷ്ടിച്ചെടുക്കുകയാണ് യോഗ . മനസിനെ ശാന്തമാക്കിയാണ് യോഗ ശീലിക്കേണ്ടത്. ഗുരുവില്‍ നിന്ന് അഭ്യസിക്കുന്നത്ാണ് ഉചിതം. യോഗ ശാസ്ത്രം മാത്രമല്ല, ശരീരത്തിനും ആത്മാവിനുമുള്ള സന്ദേശം കൂടിയാണ്. മനുഷ്യനെ പ്രകൃതിയുമായി ചേര്‍ത്തുനിര്‍ത്തുന്നതാണ് യോഗ. പ്രകൃതിയുടെ നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ വിളിച്ചുവരുത്തുന്ന രോഗാവസ്ഥയെ ആസനപ്രാണായാമാദികളെക്കൊണ്ട് ശമിപ്പിക്കുന്നു. പഞ്ചഭൂത ശരീരസ്യ , പഞ്ചഭൂതാനിചൗഷധം എന്നാണ് യോഗവിധി. വെറും അഭ്യാസപഠനം മാത്രമല്ല യോഗ. മനസു പറയുന്നിടത്തേക്ക് ശരീരത്തെ എത്തിക്കാനുള്ള വിധികളാണ് യോഗ ശീലിപ്പിക്കുന്നത്. ജീവിതശൈലീരോഗങ്ങള്‍ക്കൊണ്ടു വലയുന്ന ഇന്നത്തെ ജനതക്ക് യോഗ അത്യുത്തമം തന്നെ. ഇല്ലാത്ത ആലസ്യത്തിന്റെ പിടിയില്‍ നിന്ന് മനസിനെ മോചിപ്പിച്ച് നിത്യേന യോഗ ശീലിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതക്ക് നമുക്ക് നേതൃത്വം നല്‍കാം ഒപ്പം കാറ്റുപോലെ പടരുന്ന അഞ്ജാത അണുക്കളില്‍ നിന്ന് ലോകത്തെ സംരക്ഷിക്കാം.