ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: 15 പേര്‍ക്ക് മാത്രം പ്രവേശനം, ക്രൈസ്തവ സമൂഹത്തിന്റെ കാത്തിരിപ്പ് തുടരും

0

 

 

തിരുവനന്തപുരം: ക്രൈസ്തവ സമൂഹം അടക്കമുള്ള മതവിഭാഗങ്ങളുടെ സമ്മര്‍ദ്ധങ്ങളുടെ ഫലമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ ഒടുവില്‍ അനുമതി. എന്നാല്‍ ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ടിപിആർ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ വന്ന സൂചന. ആരാധനാലയങ്ങളില്‍ കുറഞ്ഞത് 30 പേര്‍ക്ക് എങ്കിലും പോകാന്‍ അനുമതി ലഭിക്കുമെന്നാണ് നേരത്തെ നിരീക്ഷിക്കപ്പെട്ടിരിന്നത്. എന്നാല്‍ എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആർ കണക്കുകൾ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം 15 ആയി നിജപ്പെടുത്തുകയായിരിന്നു.

അതേസമയം ക്രൈസ്തവ സമൂഹത്തിന് പൂര്‍ണ്ണതോതില്‍ പ്രതീക്ഷ നല്‍കുന്നല്ല ഇളവ്. വൈദികനും അള്‍ത്താര ശുശ്രൂഷകരും സിസ്റ്റേഴ്സും ഗായകരും ആയി കഴിഞ്ഞാല്‍ വിരലില്‍ എണ്ണാവുന്ന വിശ്വാസികള്‍ക്ക് മാത്രമാണ് വിശുദ്ധ കുര്‍ബാനയ്ക്കു ദേവാലയത്തില്‍ പ്രവേശനം ലഭിക്കുക. മദ്യശാലകള്‍ യഥേഷ്ടം തുറന്നിട്ട് കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും കൂടുതല്‍ പാലിക്കപ്പെടുന്ന ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ എണ്ണം പരിമിതപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയായില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ ടി‌പി‌ആര്‍ റേറ്റ് കുറഞ്ഞാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നും സൂചനയുണ്ട്.

You might also like