വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതം, ഭര്‍ത്താവ് കിരണിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് പൊലീസ്

കിരണിന്‍റെ സഹോദരിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു

0

ശാസ്താംകോട്ട. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതം, ഭര്‍ത്താവ് കിരണിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് പൊലീസ്. ഇയാളുടെ രണ്ടുവര്‍ഷത്തെ ബാങ്ക് ഇടപാടുകളും സാമ്പത്തിക വിനിയോഗവുമാണ് പരിശോധിക്കുന്നത്.
പോരുവഴിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ചിട്ടയായി മുന്നോട്ട് പോവുകയാണ്. ശാസ്താംകോട്ട ഡി.വൈ.എസ്.പി രാജ്കുമാറിന്‍റെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

സഹോദരി കീര്‍ത്തി ഭര്‍ത്താവ് മുകേഷ് എന്നിവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്ത് മൊഴിരേഖപ്പെടുത്തി. വിസ്മയയെ പീഡിപ്പിക്കുന്നത് ഇവര്‍ക്ക് അറിയാമായിരുന്നു എന്നതാണ് ഇവരെ ചോദ്യം ചെയ്യുന്നതിന് കാരണം. കിരണിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നല്ല സ്വാധീനമുണ്ടെന്ന് വിസ്മയയുടെ വീട്ടുകാര്‍ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്. അയല്‍വാസികളുടെ മൊഴിഎടുത്തു. എന്നാല്‍ വഴക്കും പീഡനവും സംബന്ധിച്ച് അസ്വാഭാവികമായി ഒന്നും അയല്‍വാസികള്‍ക്ക് അറിയില്ലെന്നാണ് സൂചന.

മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും വിശദമൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. പ്രതി കിരണ്‍കുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം കിരണിനെ 28ന് വിട്ടുകിട്ടാന്‍ ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെയും മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

You might also like