കൊച്ചി മെട്രോ നാളെ മുതല്‍ ആരംഭിക്കും ; കര്‍ശന നിയന്ത്രണങ്ങള്‍ ഇങ്ങനെ
കൊച്ചി : കൊറോണ രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നാളെ ആരംഭിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് 53 ദിവസമായി നിര്‍ത്തിയിരുന്ന സര്‍വീസ് പുനരാരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരിക്കും സര്‍വീസ് നടത്തുക.
തിരക്കേറിയ സമയത്ത് പത്തുമിനിറ്റ് ഇടവേളകളിലാകും സര്‍വീസ് ഉണ്ടാകുക. തിരക്കില്ലാത്ത സമയത്ത് പതിനഞ്ച് മിനിറ്റ് ഇടവേളയുണ്ടാകും. യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യാത്ര ആരംഭിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വ്യാപനം തടയാന്‍ കര്‍ശന മാനദണ്ഡങ്ങളോടെയാകും സര്‍വീസ്. സാനിറ്റൈസറും താപമാപിനിയും തെര്‍മല്‍ ക്യാമറയുമടക്കമുള്ള സംവിധാനങ്ങള്‍ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. സര്‍വീസ് തുടങ്ങുന്നതിനു മുന്‍പ് അണുനശീകരണം നടത്തും. മാസ്ക് ധരിച്ചു വേണം യാത്രക്കാര്‍ പ്രവേശിക്കുവാന്‍. പരമാവധി കറന്‍സി രഹിതമായി യാത്ര ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. കൊച്ചി മെട്രോ കാര്‍ഡ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമായിരിക്കണം ഇരിക്കേണ്ടത്.