കോവിഡ് മൂന്നാം തരംഗം: കുട്ടികളിലെ രോഗബാധ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി വരുന്നുളളൂവെന്നുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
വൈറസ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികള്‍ ഒന്നുകില്‍ മറ്റ് അസുഖങ്ങള്‍ ഉളളവരോ, പ്രതിരോധ ശക്തി കുറഞ്ഞവരോ ആണ്. ആരോഗ്യവാന്മാരായ കുട്ടികള്‍ ആശുപത്രിവാസം ഇല്ലാതെ തന്നെ രോഗമുക്തി നേടുന്നുണ്ട്. കുട്ടികളില്‍ കോവിഡ് ബാധ ഗുരുതരമാകുമെന്ന് തെളിയിക്കുന്ന ഡേറ്റകള്‍ ഇന്ത്യയിലോ ആഗോളതലത്തിലോ ഇല്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.