തീവ്രവാദക്കുറ്റം ചുമത്തി ഗുജറാത്തി പോലീസ് ജയിലില്‍ അടച്ച ബഷീര്‍ അഹമ്മദ് ബാബ തിരിച്ച് സ്വന്തം നാടായ ശ്രീനഗറിലെത്തി.
ശ്രീനഗര്‍: തീവ്രവാദക്കുറ്റം ചുമത്തി ഗുജറാത്തി പോലീസ് ജയിലില്‍ അടച്ച ബഷീര്‍ അഹമ്മദ് ബാബ തിരിച്ച് സ്വന്തം നാടായ ശ്രീനഗറിലെത്തി. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞ ദിവസമാണ് വഡോദര കോടതി ബഷീറിനെ കുറ്റവിമുക്തനാക്കിയത്. യുഎപിഎ ചുമത്തപ്പെട്ട ബഷീര്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
43കാരനായ ബഷീറിനെ 2010 മാര്‍ച്ച് 13ന് ആണ് ഗുജറാത്തി പോലീസ് ആനന്ദില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണ്‍ 23ന് ശ്രീഗറിലെ റെയ്‌നാവാരിയിലെ സ്വന്തം വീട്ടില്‍ ബഷീര്‍ വീണ്ടും കാല് കുത്തി. കംപ്യൂട്ടര്‍ പ്രൊഫണല്‍ ആയിരുന്ന ബഷീര്‍ 2010ല്‍ ഗുജറാത്തില്‍ എത്തിയത് ക്യാന്‍സറാനന്തര ശുശ്രൂഷ എന്ന വിഷയത്തിലുളള ഒരു നാല് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നതിനും അതിലൂടെ കിമായ ഫൗണ്ടേഷന്റെ സഹായത്തോടെ കശ്മീര്‍ താഴ്വരയിലെ രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനുമായിരുന്നു എന്നുളള വാദിഭാഗം വാദം വഡോദര കോടതി അംഗീകരിച്ചു..