അനീതിയുടെ തെളിവ്; പൂട്ടിയ സ്കൂളിന്‍റെ ഗ്രൌണ്ടില്‍ നിന്ന് കണ്ടെത്തിയത് 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍
ബ്രിട്ടീഷ് കൊളംബിയയിലെ മെരിവാല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നാണ് ഏറ്റവും പുതിയതായി വിദ്യാര്‍ത്ഥികളുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 1890-ല്‍ റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച വിദ്യാലയത്തിലും സമാനസംഭവം കണ്ടെത്തിയിരുന്നു.
മുന്‍പ് റസിഡന്‍ഷ്യല്‍ സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ ഗ്രൌണ്ടില്‍ 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. തദ്ദേശവാസികളായ ഗോത്രവിഭാഗത്തിലുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്കൂള് ഗൌണ്ടില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേതാവാമെന്ന നിരീക്ഷണത്തിലാണ് വിദഗ്ധരുള്ളത്. ഏഴുവയസ്സിനും പതിനഞ്ച് വയസിനും മധ്യേയാണ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ പ്രായമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ ക്രാന്‍ബ്രൂക്കിലെ സെന്‍റ് യൂജിന്‍സ് മിഷന്‍സ് സ്കൂളിന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്വേഷണം തുടരണമെന്നാണ് തദ്ദേശവാസികളായ ഗോത്രവര്‍ഗക്കാര്‍ ആവശ്യപ്പെടുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയും ഗോത്രവാസികള്‍ തള്ളിക്കളയുന്നില്ല. മൂന്ന് മുതല്‍ നാല് അടിയോളം ആഴമുള്ള കുഴികളില്‍ ആയിട്ടാണ് ഈ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 1912ല്‍ കത്തോലിക്കാ സഭയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. 1970 വരെ ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം കത്തോലിക്കാ സഭയുടെ നേതൃത്വത്തിലായിരുന്നു.