രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍; വീടുകള്‍ക്കുളളിലെ രോഗ വ്യാപനം നൂറ് ശതമാനം, മൂന്നാം തരംഗത്തിലേയ്‌ക്കുളള സൂചനയെന്ന് വിദഗ്ദ്ധര്‍
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറയുമ്ബോള്‍ ആശങ്കയായി കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉദ്ദേശിച്ചത്ര കുറയ്‌ക്കാന്‍ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയെന്നല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലാതെയായിരിക്കുകയാണ്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് സാധാരണക്കാര്‍.
രണ്ടാംതരംഗത്തിന്‍റെ തുടക്കത്തില്‍ രോഗികള്‍ ഉയര്‍ന്നിരുന്ന സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം ശമിച്ചു. ഒരാഴ്‌ചത്തെ ശരാശരി രോഗികളുടെ എണ്ണത്തിലും മറ്റുസംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ് കേരളം. കൊവിഡ് മരണങ്ങളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് കേരളം.
ഒരാഴ്‌ചത്തെ ശരാശരി രോഗികളുടെ എണ്ണം ഇങ്ങനെ- കേരളം-12109, മഹാരാഷ്ട്ര-8767, തമിഴ്‌നാട്- 4189, കര്‍ണാടക- 2755. ചുരുക്കി പറഞ്ഞാല്‍ രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കൊച്ചു കേരളത്തിലാണ്. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുളള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.
രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 3.1 മാത്രമെങ്കില്‍ കേരളത്തില്‍ ഇത് പത്തിന് മുകളിലാണ്. രാജ്യത്ത് നാലരലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും ഇവിടെയാണ്. കുടുംബത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ എല്ലാവരും പോസിറ്റീവാകുന്നതും കേരളത്തിലെ കാഴ്‌ചയാണ്. രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുമ്ബോഴും വൈറസ് ബാധിക്കുന്നവരെ വീടുകളില്‍ നിന്ന് മാറ്റാത്തതാണ് ഇതിനുകാരണമെന്നാണ് പറയപ്പെടുന്നത്. .
രോഗം വരാന്‍ സാദ്ധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. മൂന്നാം തരംഗത്തിലേയ്ക്കുള്ള സൂചനയായും ഉയര്‍ന്ന പ്രതിദിന രോഗബാധയെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം തന്നെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.