TOP NEWS| മരിച്ചിട്ടും ഫാ. സ്റ്റാൻ സ്വാമിയെ വിടാതെ കേന്ദ്ര സര്‍ക്കാര്‍: ഗുരുതര സ്വഭാവമുള്ള കുറ്റങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം
മരിച്ചിട്ടും ഫാ. സ്റ്റാൻ സ്വാമിയെ വിടാതെ കേന്ദ്ര സര്‍ക്കാര്‍: ഗുരുതര സ്വഭാവമുള്ള കുറ്റങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ ഞെട്ടലില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ന്യായീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റും തുടർ നടപടികളും നിയമപ്രകാരമാണെന്നും സ്റ്റാൻ സ്വാമി ചെയ്ത കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെത്തുടർന്ന് കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തിൽ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതുകൊണ്ടാണ് കോടതികൾ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചതെന്നും എല്ലാ നടപടികളും നിയമപ്രകാരം മാത്രമായിരുന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രസ്താവന.
എന്നാല്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ തടങ്കല്‍ കാലയളവില്‍ ഭീകരര്‍ക്ക് സമാനമായ വിധത്തിലാണ് എന്‍ഐഎയും എന്‍ഐഎ കോടതിയും അദ്ദേഹത്തോട് പെരുമാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. കഴിഞ്ഞ വർഷം റാഞ്ചിയിൽവച്ച് ഒക്ടോബർ എട്ടിനാണ് ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കലാപത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലായിരുന്നു സ്റ്റാൻ സ്വാമി. ഇതിനിടെ അദ്ദേഹത്തിന്റെ ഭവനത്തില്‍ പോലീസ് റെയിഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പാര്‍ക്കിന്‍സന്‍സ് രോഗിയായതിനാല്‍ ഭക്ഷണപാനീയത്തിന് ആവശ്യമായ സ്ട്രോ പോലും ജയില്‍ അധികൃതര്‍ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി എന്‍ഐഎ കോടതിയില്‍ എത്തിയെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി എന്‍ഐഎ ഇത് നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ബോംബെ ഹൈക്കോടതിയാണ് അദ്ദേഹത്തോട് അല്പമെങ്കിലും മനുഷ്യത്വം കാണിച്ചത്. ജയിലിൽ കഴിയവേ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാൻ സ്വാമിക്ക് ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കിയത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ യുഎൻ മനുഷ്യാവകാശ ഘടകമടക്കം (UN Human Rights Watch)നടുക്കം രേഖപ്പെടുത്തിയിരുന്നു