സിറോ മലബാർ സഭയുടെ പരിഷ്കരിച്ച കുർബാന ക്രമത്തിന് അംഗീകാരം
കൊച്ചി ∙ സിറോ മലബാർ സഭയുടെ പരിഷ്കരിച്ച ഏകീകൃത കുർബാന ക്രമത്തിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. പുതിയ കുർബാനപ്പുസ്തകത്തിനും അംഗീകാരമായി. പതിറ്റാണ്ടുകളായി സഭയിൽ വിവിധ പ്രദേശങ്ങളിലുള്ളവർ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഇതോടെ തീരുമെന്നാണു പ്രതീക്ഷ.
സിറോ മലബാർ സിനഡ് 1999 ൽ ഏകകണ്ഠമായി അംഗീകരിച്ച പരിഷ്കരിച്ച കുർബാനക്രമം വത്തിക്കാൻ അംഗീകരിച്ചത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്. ഇതു സംബന്ധിച്ച് സിറോ മലബാർ മേജർ ആർച്ച്ബിഷപ്പിനും ബിഷപ്പുമാർക്കുമുള്ള കത്തിൽ ഇന്നലെ മാർപാപ്പ ഒപ്പുവച്ചു.
പുതിയ കുർബാനക്രമം എല്ലാ സിറോ മലബാർ രൂപതകളും നടപ്പാക്കണമെന്നു വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. ലോകത്തെവിടെയും സിറോ മലബാർ കുർബാന അർപ്പിക്കുമ്പോൾ പുതിയ ക്രമം പിന്തുടരണം. പുതിയ ക്രമത്തിൽ കുർബാനയ്ക്കു മുൻപത്തേതിനെക്കാൾ ദൈർഘ്യം കുറവായിരിക്കും. ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താര അഭിമുഖമായും ആയിരിക്കും.