ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ കാലം ചെയ്തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ(75) കാലം ചെയ്തു. പരുമലയിലെ സ്വകാര്യ ആശൂപത്രിയില്‍ പുലര്‍ച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഇതിനിടെ മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വന്നതോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായി. 2019 നവംബറില്‍ ആണ് അദ്ദേഹത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഏതാണ്ട് പൂര്‍ണമായും ആശുപത്രി വാസത്തില്‍ ആയിരുന്നു അദ്ദേഹം. കോവിഡ് വന്നതിനുശേഷം ന്യൂമോണിയ ബാധിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇതോടെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് നിര്‍ത്തേണ്ടിവന്നു. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന 91-ാ മത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിദിയന്‍ കാതോലിക്ക ബാവ.
1946-ഓഗസ്റ്റ് 30-ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര് കെ.എ. ഐപ്പിന്റെയും കുഞ്ഞിട്ടിയുടെയും രണ്ടാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. കെ.ഐ. പോള്‍ എന്നായിരുന്നു ആദ്യകാല നാമം. 12- ാം വയസ്സില് അള്‍ത്താര ശുശ്രൂഷകനായി വിശുദ്ധ ജീവിതം തുടങ്ങി.