മാസങ്ങളുടെ ഇടവേളക്കുശേഷം യുഎസ്സില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു.

0

ന്യൂയോര്‍ക്ക്: മാസങ്ങളുടെ ഇടവേളക്കുശേഷം യുഎസ്സില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പ്രതിദിന രോഗബാധയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പെട്ടെന്ന് പരക്കുന്ന ഡല്‍റ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമായത്. വാക്‌സിന്‍ വിതരണത്തിലുണ്ടായ മന്ദതയും ജനങ്ങളുടെ കൂടിച്ചേരലുകളും രോഗവ്യാപനസാധ്യത വര്‍ധിപ്പിച്ചു.

തിങ്കളാഴ്ച 23,600 പേര്‍ക്കാണ് യുഎസ്സില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 23ന് 11,300 ആയിരുന്നു പ്രതിദിന രോഗബാധ. രോഗവ്യാപനം കൂടിവരുന്നതായാണ് കാണുന്നത്.

കഴിഞ്ഞ 18 ദിവസങ്ങളില്‍ പതിനേഴിലും കൊവിഡ് പ്രതിദിന രോഗബാധ കൂടിയിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസത്തില്‍ അവസാന ഏഴ് ദിവസത്തെ രോഗവ്യാപനത്തിന്റെ ശരാശരി ആദ്യ ഏഴ് ദിവസത്തേക്കാള്‍ കൂടുതലാണ്. എങ്കിലും രോഗവ്യാപനം ജനുവരിമാസത്തെ അവസ്ഥയിലേക്ക് തിരിച്ചുപോയിട്ടില്ല.

ലോസ് ആഞ്ചല്‍സിലെയും സെന്റ് ലൂയിസിലെയും പൗരന്മാരോട് മാസ്‌ക് ഉപയോഗിക്കുന്നത് വീണ്ടും തുടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

65 വയസ്സിനു മുകളിലുള്ളവര്‍ പുറത്തുപോവുന്നത് ഒഴിവാക്കണമെന്നും കൂടിച്ചേരലുകളില്‍ നിന്ന് വിട്ടുനല്‍ക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്‍ഡോര്‍ കൂട്ടായ്മകളാണ് കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് വ്യാപനത്തിന് കാരണമായതെന്നാണ് റിപോര്‍ട്ട്.

You might also like