ടോക്കിയോ ഒളിമ്പിക് ഗ്രാമത്തില്‍ കോവിഡ് ബാധ; ആദ്യ കേസ് കണ്ടെത്തി
ടോക്കിയോ ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് ബാധ കണ്ടെത്തി. ഒളിംപിക്‌സ് വില്ലേജിലെ അത്ലറ്റ് ഗ്രാമത്തിലെ ഒഫീഷ്യലിനാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മൂലം ഒരു വര്‍ഷം മാറ്റിവച്ച ഒളിംപിക്‌സ് കായിക മത്സരങ്ങളാണ് ടോക്കിയോയില്‍ ജൂലൈ 23 മുതല്‍ അരങ്ങേറുന്നത്. ഇതോടെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസില്‍ അണുബാധയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചതായി സംഘാടകര്‍ അറിയിച്ചു.
‘അത്‌ലറ്റിക് ഗ്രാമത്തില്‍ ഒരാള്‍ പോസിറ്റീവായി കണ്ടെത്തി. സ്‌ക്രീനിംഗ് ടെസ്റ്റിനിടെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒളിംപിക് ഗ്രാമത്തിലെ ആദ്യത്തെ കേസ് ഇതാണ്, ‘ടോക്കിയോ സംഘാടക സമിതി വക്താവ് മാസാ തകയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും വ്യക്തിയുടെ ദേശീയത വെളിപ്പെടുത്തിയിട്ടില്ല. വിദേശത്തു നിന്ന് ജപ്പാനിലെത്തിയ ഒഫിഷ്യല്‍ ആണെന്ന സൂചനമാത്രമാണുള്ളത്. ആഗോള പാന്‍ഡെമിക് മൂലം ഒരു വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ 2020 ഒളിമ്പിക്‌സ് കാണികളില്ലാതെയും കര്‍ശനമായ ക്വാറന്റീനിമാണ് നടക്കുന്നത്.
ടോക്കിയോയില്‍ രോഗബാധ സാദ്ധ്യതയുടെ മുന്നറിയിപ്പുകള്‍ മെഡിക്കല്‍ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. ടോക്കിയോ പകര്‍ച്ചവ്യാധിയുടെ അടിയന്തിരാവസ്ഥയിലാണ്, എന്നാല്‍ അതിന്റെ വ്യാപനം തടയുന്നതിനുള്ള മിക്ക നടപടികളും സ്വയം കൈക്കൊള്ളേണ്ടതാണ്. പക്ഷേ, പലരും ഇത് പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച, നരിറ്റ വിമാനത്താവളത്തിലെത്തിയ നൈജീരിയന്‍ ഒളിമ്പിക്‌സ് പ്രതിനിധി സംഘത്തില്‍ ഒരാള്‍ക്ക് കൊറോണ പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
മാദ്ധ്യമങ്ങള്‍, പ്രക്ഷേപകര്‍, ഉദ്യോഗസ്ഥര്‍, ഒഫീഷ്യലുകള്‍ , വിധികര്‍ത്താക്കള്‍ എന്നിവരുള്‍പ്പെടെ 15,400 അത്ലറ്റുകളും പതിനായിരക്കണക്കിന് പേര്‍ ജപ്പാനിലേക്ക് എത്തുകയാണ്. ഇവരെല്ലാം ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കുക എന്നത് വളരെ പ്രയാസകരമായ നടപടിയാണ്. വലിയൊരു വെല്ലുവിളിയാണ് ജപ്പാന്‍ ഏറ്റെടുത്തിരിക്കുന്നത്.