തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു

0

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ 6000 കിലോലിറ്റര്‍ ശേഷിയുള്ള ദ്രവീകൃത ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. കെ.എം.സി.എല്‍. വഴി സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഒന്നരമാസംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്.

ജില്ലാ നിര്‍മിതികേന്ദ്രമാണ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ഓക്സിജന്‍ പൈപ്പ് ലൈനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഇതും കൂടി പൂര്‍ത്തിയായാല്‍ ഐ.സി.യു.വിലേക്കും വാര്‍ഡുകളിലേക്കും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനാകും.

അന്തരീക്ഷ വായുവില്‍നിന്ന്‌ ഓക്‌സിജന്‍ മാത്രമായി വേര്‍തിരിക്കാന്‍ കഴിയുന്ന ഉപകരണമായ ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ‘പ്രൈം മിനിസ്റ്റര്‍ കെയര്‍ ‘വഴിയാണ് ഒരു ഓക്‌സിജന്‍ ജനറേറ്റര്‍ ആശുപത്രിയിലേക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദിവസേന 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ജനറേറ്റര്‍. ഒരു കോടി ചെലവിട്ട് ഇന്‍ഫോസിസാണ് രണ്ടാമത്തെ ഓക്സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നത്. ഇതിന് പ്രതിദിനം 1000 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനാകും .

You might also like