മടങ്ങി പോകാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയത് 12.5 ലക്ഷം പ്രവാസികള്‍

0

കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികള്‍. 2020 മാര്‍ച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേര്‍ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേര്‍ക്കും മടങ്ങാനായിട്ടില്ല. വിസാ കാലാവധി തീര്‍ന്നതോടെ പലരുടെയും തൊഴില്‍ നഷ്ടമായി.

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാര്‍ച്ച് 17-നുശേഷം സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാനവിലക്ക് പിന്‍വലിച്ചിട്ടില്ല. നേരിട്ട് വിമാനമില്ലാത്തതിനാല്‍ സാധുവായ വിസയുള്ളവര്‍ ബഹ്‌റൈന്‍, ഖത്തര്‍, അര്‍മേനിയ, ഉസ്ബക്കിസ്താന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലെത്തിയിരുന്നത്. പല രാജ്യങ്ങളും ഈ വാതിലും ഇപ്പോള്‍ അടച്ചു.

ഖത്തറിലും മറ്റും നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മാത്രമേ തുടര്‍യാത്ര അനുവദിച്ചിരുന്നുള്ളു. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപവരെയാണ് ചെലവ്. ഖത്തറിലേക്ക് നേരത്തേ 10,000-ത്തില്‍ താഴെയായിരുന്ന യാത്രാനിരക്ക് ഇപ്പോള്‍ 30,000 മുതല്‍ 40,000 രൂപവരെയായി.

You might also like