അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വിലക്ക് നീക്കി ഇംഗ്ലണ്ട്; ഫ്രാന്‍സിനുള്ള നിയന്ത്രണം തുടരും
ലണ്ടന്‍: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയില്‍നിന്നും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഇംഗ്ലണ്ട്. പൂര്‍ണമായും വാക്‌സിനേഷന് വിധേയരായ അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഫ്രാന്‍സിനുള്ള നിയന്ത്രണം തുടരും.
യുഎസ്സിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും താമസിക്കുന്ന ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വീണ്ടും ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു- ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്പ്‌സ് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അല്ലെങ്കില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 10 ദിവസത്തെ സ്വയം ക്വാറന്റൈന്‍ ഒഴിവാക്കി ഏത് രാജ്യത്തുനിന്നും യാത്രചെയ്യാനാവും. ഈ രാജ്യങ്ങളെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ‘ആംബര്‍’ ട്രാഫിക് ലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്.
ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്ബും ഇംഗ്ലണ്ടിലെത്തിയതിന് ശേഷം രണ്ടാം ദിവസവും ടെസ്റ്റ് നടത്തണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, ഫ്രാന്‍സില്‍നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിയമങ്ങള്‍ തുടര്‍ന്നും ബാധകമാവും. പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത യൂറോപ്പ്, യുഎസ് അടക്കമുള്ള ആംബര്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ വ്യവസ്ഥ തുടരും. അന്താരാഷ്ട്ര ക്രൂയിസുകള്‍ പുനരാരംഭിക്കുമെന്നും യുകെ സര്‍ക്കാര്‍ അറിയിച്ചു.
ഇത് നമുക്കെല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന പുരോഗതിയാണ്- ഷാപ്പ്‌സ് ട്വീറ്റ് ചെയ്തു. കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ ഭീഷണി നിലനില്‍ക്കെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. 70 ശതമാനത്തിലധികം മുതിര്‍ന്നവര്‍ക്ക് ബ്രിട്ടന്‍ പൂര്‍ണമായും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.