സിറ്റി ഗ്യാസ് പദ്ധതി: അടുത്ത മാര്‍ച്ചോടെ 54,000 ഗ്യാസ് കണക്ഷനുകള്‍
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
നിലവില്‍ 3,761 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനായി. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ 450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടം യാഥാര്‍ത്ഥ്യമാക്കാനായി. ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനമായതായും കെ എന്‍ ഉണ്ണികൃഷ്ണന്റെ സബ്‌മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ചെറുകിട വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകും. ഇത് വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകും. പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും.