TOP NEWS| മതവിവേചനമുണ്ടാകില്ല; അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

0

 

മതവിവേചനമുണ്ടാകില്ല; അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ദില്ലി: കാബൂളിൽ താലിബാൻ അധികാരം പിടിച്ചതിനു പിറകെ അഫ്ഗാനിസ്താൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ‘ഇ-എമർജൻസി എക്‌സ്-മിസ്‌ക് വിസ’ എന്ന പേരിലുള്ള വിസയ്ക്കായി അഫ്ഗാൻ പൗരന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രത്യേക മതപരിഗണനകളൊന്നും കൂടാതെ വിസ അനുവദിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഹിന്ദു, സിഖ് മതക്കാർക്ക് പ്രത്യേക പരിഗണന നൽകുമെന്നായിരുന്നു നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.

അഫ്ഗാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു വിസ അനുവദിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിൽനിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കാനാണ് അടിയന്തര ഇ-വിസ ആരംഭിച്ചതെന്ന് മന്ത്രലായം വക്താവ് പറഞ്ഞു. അഫ്ഗാനിസ്താനിലെ ഇന്ത്യൻ കാര്യാലയങ്ങളെല്ലാം അടച്ചതിനാൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ഡൽഹിയിലായിരിക്കും പരിശോധിച്ചു നടപടി സ്വീകരിക്കുക.

തുടക്കത്തിൽ ആറു മാസമാണ് വിസാ കാലാവധി. സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും വിസ അനുവദിക്കുക. അതേസമയം, വിസ അനുവദിക്കുന്നതിൽ മതപരമായ വിവേചനങ്ങളുണ്ടാകില്ലെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

You might also like