TOP NEWS| വിമാനത്തിൽ‍ നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാൻ ഫുട്ബോള്‍ താരവും; കണ്ണീർ

0

 

കാബൂളില്‍ യു.എസ് സൈനിക വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ഫുട്ബോള്‍ താരവും. പത്തൊന്‍പതുകാരന്‍ സാക്കി അന്‍വാരിയാണ് മരിച്ചത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് സാക്കി അന്‍വാരി കയറിയത്. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേയ്ക്കുവീഴുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് പ്രചരിച്ചത്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി. അതേസമയം, രാജ്യാന്തര വിമാനത്താവളത്തിലെ അമേരിക്കൻ സൈനിക വിമാനത്തിന്റെ ചക്രപ്പഴുതിനുള്ളിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വിമാനത്തിൽ തൂങ്ങിക്കയറാൻ ശ്രമിക്കുന്നതിനിടെ എത്രപേർ കൊല്ലപ്പെട്ടുവെന്നത് അന്വേഷിക്കും. തിങ്കളാഴ്ച രാവിലെ യുഎസ് വ്യോമസേന വിമാനം (റീച്ച്885) റൺവേ തൊട്ടതും നൂറുകണക്കിനാളുകളാണു വിമാനം വളഞ്ഞ് അതിലേക്കു തൂങ്ങിക്കയറിയത്. ജനക്കൂട്ടം നിയന്ത്രാതീതമെന്നു കണ്ടു വിമാനജീവനക്കാർ വാതിൽ അടച്ചു വിമാനത്തിലേക്കു തിരിച്ചുകയറി. ഇതിനിടെയാണു ചിലർ വിമാനച്ചിറകിലും ചക്രപ്പഴുതിലും കയറിയത്. വിമാനം വളഞ്ഞ ആളുകളെ സുരക്ഷാസേന നീക്കം ചെയ്ത് വിമാനം പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് ലാൻഡിങ് ഗീയറിൽ തടസ്സം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണു അടിഭാഗത്തു വീൽവെല്ലിനുള്ളിൽ മനുഷ്യശരീര ഭാഗങ്ങൾ കണ്ടത്.

You might also like