TOP NEWS| അഫ്ഗാന്‍ ക്രൈസ്തവരെ സംരക്ഷിക്കാൻ സ്വരുക്കൂട്ടിയത് 22 മില്യണ്‍ ഡോളര്‍; സഹായ പദ്ധതിയുമായി റേഡിയോ അവതാരകൻ
അഫ്ഗാന്‍ ക്രൈസ്തവരെ സംരക്ഷിക്കാൻ സ്വരുക്കൂട്ടിയത് 22 മില്യണ്‍ ഡോളര്‍; സഹായ പദ്ധതിയുമായി റേഡിയോ അവതാരകൻ
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ കൈയടിയക്കിയതോടെ ഏറ്റവും കടുത്ത ഭീഷണിയിലായ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ സംരക്ഷിക്കാൻ യാഥാസ്ഥിതിക റേഡിയോ അവതാരകനായ ഗ്ലെൻ ബെക്കിന്റെ ആഹ്വാന പ്രകാരം ഇതിനോടകം സ്വരുക്കൂട്ടിയത് 22 മില്യണ്‍ ഡോളർ. രാജ്യത്തെ അയ്യായിരത്തോളം വരുന്ന ക്രൈസ്തവർക്ക് വേണ്ടി വെറും മൂന്നു ദിവസം കൊണ്ടാണ് ഇത്രയും പണം കണ്ടെത്തിയത്. താലിബാന്റെ പിടിയിലമർന്ന രാജ്യത്തെ ആയിരക്കണക്കിന് ന്യൂനപക്ഷ സ്ത്രീകളെയും, കുട്ടികളെയും രക്ഷിക്കാൻ ലഭിച്ച പണം ഉപയോഗിക്കും.
ശ്രോതാക്കൾ തരുന്ന പണം മുഴുവനായി, അഫ്ഗാനിസ്ഥാനിൽ എത്തിക്കാൻ വേണ്ടിയും, അവിടെനിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ വേണ്ടിയും ഉപയോഗിക്കുമെന്ന് ഗ്ലെൻ ബെക് ഉറപ്പു നൽകി. നസറേൻ ഫണ്ട് എന്ന പേരിലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുളള പണം അദ്ദേഹം കണ്ടെത്തുന്നത്. ആഹ്വാനം നൽകി 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ഡോളർ ലഭിച്ചിരുന്നു. ആളുകൾ നൽകിയ പണം 22 മില്യൺ ഡോളർ കഴിഞ്ഞെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഗ്ലെൻ ബെക് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി ശ്രോതാക്കൾ നൽകിയ തുക കണ്ടപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.