കർണാടകയിൽ മതപരിവർത്തന നിരോധന നിയമം ആലോചനയിൽ: ആഭ്യന്തര മന്ത്രി

0

 

 

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമമുണ്ടെന്നും കര്‍ണാടക സര്‍ക്കാറും നിയമത്തെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി നിയമസഭയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രലോഭനത്തെ തുടര്‍ന്ന് തന്റെ അമ്മ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്ന് ബിജെപി എംഎല്‍എ നിയമസഭയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹൊസ്ദുര്‍ഗ എംഎല്‍എ ഗൂളിഹട്ടി ശേഖറാണ് സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ശൂന്യവേളയില്‍ ആരോപിച്ചത്. തന്റെ അമ്മയെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ”തന്റെ അമ്മയെ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ മതപരിവര്‍ത്തനം നടത്തി. ഇപ്പോളവര്‍ നെറ്റിയില്‍ കുറിവരക്കുകയോ പൂജ ചെയ്യുകയോ ചെയ്യുന്നില്ല. ഫോണിലെ റിങ് ടോണ്‍ പോലും ക്രിസ്ത്യന്‍ ഭക്തിഗാനമാണ്”-അദ്ദേഹം പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ 20000ത്തോളം പേര്‍ ക്രിസ്ത്യാനികളായി. ദലിത്, ഒബിസി, മുസ്ലീം വിഭാഗങ്ങളാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് പോയത്. സംസ്ഥാനത്ത് ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി സമ്മതിച്ചു.

You might also like