കന്ധമാലില്‍ വീണ്ടും ക്രൈസ്തവർക്കെതിരെ ക്രൂരത; ഭവനങ്ങള്‍ തകര്‍ത്തു, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഭീഷണി

0

ഭൂവനേശ്വര്‍: ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്കു നേരെ ആക്രമണം. കന്ധമാൽ ജില്ലയിലെ ലഡാമിലയില്‍ നാല് ക്രൈസ്തവരുടെ ഭവനങ്ങള്‍ ആക്രമിക്കുകയും അവരെ മര്‍ദ്ദിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വവാദികളാണെന്നാണ് സൂചന. ഇവരുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ക്രൈസ്തവ കുടുംബങ്ങള്‍ വനത്തിലും രണ്ടു ക്രൈസ്തവ കുടുംബങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ള ബന്ധു വീടുകളിലും അഭയം തേടിയിരിക്കുകയാണ്.

കുടുംബങ്ങൾക്ക് ഇതുവരെ ഗ്രാമത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ലായെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവര്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നത് ഗൌരവമുള്ള വിഷയമാണ്

രണ്ട് ദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തിയെങ്കിലും ഭവനം തകര്‍ക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ക്രിസ്ത്യാനികളായതിനാൽ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു അക്രമകാരികള്‍ ഭീഷണി മുഴക്കിയതായി ഇരകള്‍ പറയുന്നു‌.

തീവ്രഹിന്ദുത്വവാദികളായ സംഘപരിവാര്‍ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അരങ്ങേറിയത്. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2008-ല്‍ അരങ്ങേറിയ കലാപത്തെ തുടര്‍ന്നു നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും കന്യാസ്ത്രീ ഉള്‍പ്പെടെ നിരവധി ക്രൈസ്തവ വനിതകള്‍ മാനഭംഗത്തിന് ഇരയാകുകയും ചെയ്തിരിന്നു. 6500-ല്‍ അധികം വീടുകളാണ് അക്രമികള്‍ തകര്‍ത്തത്. അരലക്ഷത്തോളം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയിരിന്നു.

You might also like