TOP NEWS| ഭാരതത്തിലെ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ വിവരിച്ച് ‘ദി ഗാര്‍ഡിയന്‍ വീണ്ടും

0

 

ലണ്ടന്‍: വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ പതിവാകുന്നുവെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ഈ വര്‍ഷത്തിന്റെ തുടക്കം മുതലേ ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ‘ദി ഗാര്‍ഡിയന്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഖോലി ജില്ലയിലെ അന്‍പത്തിയഞ്ചുകാരനായ തമേഷ് വാര്‍ സാഹുവിന്റെ കുടുംബം ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത് സമീപകാലത്താണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ ഏതാണ്ട് നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ സാഹുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തിന്റെ മകനെ മര്‍ദ്ദിക്കുകയും ബൈബിളുകള്‍ നശിപ്പിക്കുകയും ചെയ്തതിനു പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സാഹുവിന്റെ കുടുംബത്തിന് പുറമേ അന്നേ ദിവസം നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന ഛത്തീസ്ഗഡില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് കവാര്‍ധാ ജില്ലയിലെ മൂന്ന്‍ ദേവാലയങ്ങളാണ് ‘ഹിന്ദു സാരാ ജാ ജാഗ്താര്‍ സമിതി’ ആക്രമിച്ചത്. പൊല്‍മി ഗ്രാമത്തിലെ ദേവാലയം ആക്രമിച്ച അക്രമികള്‍ വചനപ്രഘോഷകനായ മോസസ് ലോഗനേയും അദ്ദേഹത്തിന്റെ മാതാവിനേയും, ഭാര്യയേയും ക്രൂരമായി മര്‍ദ്ദിക്കുകയും ദേവാലയത്തിലെ സാധനങ്ങള്‍ നശിപ്പിച്ച ശേഷം വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. പ്രസംഗങ്ങളും, റാലികളും, പത്ര പ്രസ്താവനകളും വഴി ക്രൈസ്തവ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധമാണ് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി നേരിട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗോത്രവര്‍ഗ്ഗക്കാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. എന്നാല്‍ സംസ്ഥാനത്തെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം വരുന്ന ക്രിസ്ത്യന്‍ സമൂഹം ഈ ആരോപണങ്ങളെ ഒറ്റക്കെട്ടായി നിഷേധിക്കുകയാണ്.

ഗോത്രവര്‍ഗ്ഗക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ദേവാലയങ്ങളില്‍ വരുന്നവരാണെന്നും ക്രിസ്ത്യാനികള്‍ അല്ല അവര്‍ വിശ്വാസികള്‍ മാത്രമാണെന്നും തങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഇരകളാണെന്നും, കീഴ് ജാതിക്കാരുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുവാനുമുള്ള ബി.ജെ.പി യുടെ തന്ത്രങ്ങളാണിതെന്നുമാണ് ക്രൈസ്തവര്‍ പറയുന്നത്. ഇന്ത്യയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പിലാക്കിയ 9 സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഡും ഉള്‍പ്പെടുന്നുണ്ട്. മതപരിവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്. ഭാരതത്തില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് ‘ഗാര്‍ഡിയന്‍’ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരിന്നു.

You might also like