ശുശ്രുഷ വേദികളിലെ സൗമ്യമുഖം പാസ്റ്റർ തോമസ് ഫിലിപ്പ് നിത്യതയിൽ

0

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച്‌ സ്ഥപക പ്രസിഡണ്ടും കേരളത്തിലെ സീനിയർ പെന്തെക്കോസ്ത്‌ സഭാ നേതാക്കളിൽ ഒരാളുമായിരുന്ന പാസ്റ്റർ തോമസ് ഫിലിപ്പ് നിര്യാതനായി. ഇന്ന് നാലു മണിയോടെ ബിലീവേഴ്സ് ആശുത്രിയിലായിരുന്നു അന്ത്യം. 82 വയസ് ആയിരുന്നു.

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിന്റെ സ്ഥാപകനാണ് റവ.തോമസ് ഫിലിപ്പ്. ചെങ്ങന്നൂർ പേരൂർക്കാവ് കുടുംബത്തിൽ ജി. ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1939 സെപ്റ്റംബർ 11ന് ജനിച്ചു. മാർത്തോമ്മാ കോളജിൽ നിന്ന് ഇക്കണോമിക്സ് ബിരുദം നേടിയശേഷം പായിപ്പാട്‌ ട്യൂട്ടോറിയൽ കോളജ് സ്ഥാപിച്ച് അദ്ധ്യാപകനായും പ്രിൻസിപ്പാളായും പ്രവർത്തിച്ചു.

മാർത്തോമ്മാ സഭയിൽ ആത്മീയ തൽപ്പരനായി ജീവിച്ചു. ദ പെന്തെക്കോസ്ത് മിഷനിൽ സ്നാനമേറ്റ് പെന്തക്കോസ്തു വിശ്വാസം സ്വീകരിച്ചു. സ്വന്തം ഭവനത്തോടു ചേർന്ന് സണ്ടേസ്കൂൾ ആരംഭിച്ചു കൊണ്ട് സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായി. പാസ്റ്റർ ആലപ്പുഴ ജോർജ്കുട്ടിയുടെ സഹപ്രവർത്തകനായി ചില വർഷങ്ങൾ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സഭയായ ദൈവസഭയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

സഹോദരൻ ഡോ. ഏബ്രഹാം ഫിലിപ്പ് ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സ്ഥാപിച്ചതോടെ ആ പ്രവർത്തനങ്ങളുടെ മുൻനിരയിൽ സജീവമായി. പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1973ൽ തന്നെ ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപിച്ച് നേതൃത്വം നൽകി.

കേരളത്തിലെ പെന്തെക്കോസ്ത് ഐക്യ പ്രവർത്തനങ്ങളുടെ വേദിയായിരുന്ന കേരളാ പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെലോഷിപ്പ് എന്ന പ്രസ്ഥാനം തുടങ്ങുവാൻ പ്രേരണ നൽകി. ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിന്റെ വളർച്ചയിൽ റവ.തോമസ് ഫിലിപ്പിന്റെ നേതൃത്വപാടവവും കഠിനാധ്വാനവുമാണ് അടിത്തറയായത്.

ഭാര്യ: മേഴ്സി തോമസ്. മക്കൾ: ജോർജ് തോമസ്, തോമസ് ടി. ഫിലിപ്പ്, സ്റ്റാൻലി, സോണി.

You might also like