TOP NEWS| ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന 35 കോടിയോളം വരുന്ന ക്രൈസ്തവര്‍ക്ക് പ്രാർത്ഥനയുമായി വിവിധ സഭ സംഘടനകൾ
ന്യൂയോര്‍ക്ക്: ലോകമെമ്പാടും വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന 35 കോടിയോളം വരുന്ന ക്രൈസ്തവ സമൂഹത്തിനുവേണ്ടി ഇന്നലെ നവംബർ ഏഴാം തീയതി ഞായറാഴ്ച, വിവിധ ക്രൈസ്തവ സംഘടനകൾ പ്രാർത്ഥനാദിനമായി ആചരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്താനായി 1996ലാണ് വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് റിലീജിയസ് ലിബർട്ടി കമ്മീഷൻ നവംബർ മാസത്തെ പ്രാർത്ഥനാദിനത്തിന് തുടക്കമിടുന്നത്. തങ്ങളുടെ ക്രിസ്തുവിശ്വാസം പങ്കിടുന്ന, എന്നാൽ തങ്ങളുടെ അതേ സ്വാതന്ത്ര്യം ലഭിക്കാത്ത ആളുകളെ സ്മരിക്കാനാണ് അന്താരാഷ്ട്ര പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നതെന്ന് വേൾഡ് ഇവാഞ്ചലിക്കൽ അലയൻസിന്റെ റിലീജിയസ് ഫ്രീഡം അംബാസഡർ പദവി വഹിക്കുന്ന ഗോഡ്ഫ്രി യോഗരാജ ഏതാനും ദിവസങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.
രണ്ടു പതിറ്റാണ്ടായി നവംബർ മാസം പീഡിപ്പിക്കപ്പെടുന്ന സഹോദരീസഹോദരന്മാർക്കായി ആഗോളസഭ പ്രാർത്ഥനയിൽ ഒത്തുചേരാറുണ്ടെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആക്രമിക്കപ്പെടുന്ന ഇടങ്ങളിലാണ് 30 കോടിയിൽ അധികം ആളുകൾ ജീവിക്കുന്നതെന്നും വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് സെക്രട്ടറി ജനറൽ തോമസ് ഷിർമാച്ചർ സ്മരിച്ചു. എന്നാൽ പീഡത ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 34 കോടിയിലധികമാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ പ്രസിഡന്റ് ഡേവിഡ് കറി ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് എന്ന മാധ്യമത്തോട് പറഞ്ഞു.
ഉത്തര കൊറിയ പോലുള്ള സ്ഥലങ്ങളിൽ ബൈബിളുമായി പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷയോ, ഒരുപക്ഷേ മരണശിക്ഷ പോലുമോ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു ചില സ്ഥലങ്ങളിൽ ക്രൈസ്തവർ വിശ്വാസത്തെ പ്രതി അപമാനിക്കപ്പെടുന്നു. കൊറോണ വൈറസ് വ്യാപന നാളുകളിൽ ഇന്ത്യ, മ്യാന്മാർ, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ ക്രൈസ്തവർക്ക് അടിസ്ഥാന സഹായങ്ങൾ പോലും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവര്‍ അതിരൂക്ഷമായി പീഡനമേൽക്കുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്ന വേൾഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
സ്വേച്ഛാധിപത്യ സർക്കാരുകളും, ഇസ്ലാമിക തീവ്രവാദികളും ഉള്ള രാജ്യങ്ങളിലാണ് മതസ്വാതന്ത്ര്യം പ്രതിസന്ധി അഭിമുഖീകരിക്കുന്നതെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ക്രൈസ്തവ സന്നദ്ധ സംഘടനയുടെ പബ്ലിക് അഫേഴ്സ് ആൻഡ് റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവി വഹിക്കുന്ന മാർക്ക് റീഡിമാൻ വിശദീകരിച്ചു. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരെ ആക്രമിക്കുന്ന ഇസ്ളാമിക തീവ്രവാദി സംഘടനകൾ ആഫ്രിക്കയിൽ ശക്തിപ്രാപിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യയിലെ ചില ഹൈന്ദവ, ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധിയും ആശങ്ക ഉളവാക്കുന്നതാണെന്ന് റീഡിമാൻ അഭിപ്രായപ്പെട്ടു.