TOP NEWS| ലോകമെമ്പാടുമുള്ള ക്രൈസ്തവർ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു; പ്രാർത്ഥനയിൽ ഓർക്കുന്നുവെന്ന് എലിസബത്ത് രാജ്ഞി

0



ലണ്ടന്‍: പുതുവര്‍ഷ ആഘോഷമായ നേറൌസ് പുതുവത്സരാഘോഷത്തില്‍ ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എലിസബത്ത് രാജ്ഞിയുടെ സന്ദേശം. വെസ്റ്റ്മിൻസ്റ്ററിലെ സെന്റ്‌ മാര്‍ഗരെറ്റ്സ് ദേവാലയത്തില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് രാജ്ഞിയുടെ സന്ദേശം വായിച്ചത്. വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി സഹനങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മ്മിക്കുന്നതിനുള്ള ദിവസമാണിതെന്നും, അവര്‍ നമ്മുടെ പ്രാര്‍ത്ഥനകളിലും ചിന്തകളിലും അവര്‍ ഉണ്ടായിരിക്കുമെന്നും രാജ്ഞി പ്രസ്താവിച്ചു.

കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യത്തേയും സഹിഷ്ണുതയേയും ഓര്‍മ്മിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ഈ സുദിനത്തില്‍ എല്ലാ കോപ്റ്റിക് ക്രൈസ്തവര്‍ക്കും സമാധാനപരവും, അനുഗ്രഹീതവുമായ ഒരു വര്‍ഷം ആശംസിച്ചുക്കൊണ്ടാണ് രാജ്ഞിയുടെ സന്ദേശം അവസാനിക്കുന്നത്.

വെസ്റ്റ്മിൻസ്റ്ററിലെ സെന്റ്‌ മാര്‍ഗരെറ്റ്സ് ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ ഉന്നത സര്‍ക്കാര്‍ പ്രതിനിധികളും, മനുഷ്യാവകാശ മത പ്രതിനിധികളും പങ്കെടുത്തു. ബ്രിട്ടീഷ് രാജ്ഞിയ്ക്കു പുറമേ, വെയില്‍സ് രാജകുമാരനും, കാന്റര്‍ബറി മെത്രാപ്പോലീത്തയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയും ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു.

മതപരമായ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനമായ കൂട്ടായ്മകളുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നതായിരുന്നു ചാള്‍സ് രാജകുമാരന്റെ സന്ദേശം. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, അനീതിക്കും, മതപരമായ അടിച്ചമര്‍ത്തലിനും ഇരയാവുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ താനും പങ്കുചേരുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്.

ലോകമെമ്പാടുമായി വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും, മതവിശ്വാസങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. ലോകത്ത് നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യ സംബന്ധിയായ പ്രശ്നങ്ങളെ കുറിച്ച് അവബോധം വളര്‍ത്തേണ്ടതിനെ കുറിച്ചാണ് വിംബിള്‍ണിലെ ലോര്‍ഡ്‌ അഹമദ് നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ സംരക്ഷിക്കുവാന്‍ തയ്യാറാകുക എന്നതാണ് ഇന്നത്തെക്കാലത്ത് ഒരാളുടെ വിശ്വാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You might also like