TOP NEWS| പെറുവിൽ ശക്തമായ ഭൂചലനം; തീവ്രത 7.5 രേഖപ്പെടുത്തി, പള്ളി ഗോപുരം ഉൾപ്പടെ 75 ഓളം വീടുകൾ തകർന്നു

0



ലിമ: പെറുവിന്റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ 75ഓളം വീടുകൾ തകർന്നു. പത്തോളം ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ 5.52നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭാവം 131 കിലോമീറ്റർ വ്യാപ്തിയിൽ അനുഭവപ്പെട്ടതായി പെറു ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു

ഭൂചലനത്തിൽ ഒരു പള്ളി ഗോപുരവും തകർന്നിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ് തകർന്നത്. അയൽ രാജ്യമായ ഇക്വഡോറിലും ഭൂചലനം ആഘാതം സൃഷ്ടിച്ചു. പെറുവിലെ സാന്താ മരിയ ഡി നീവയിൽ നിന്നും 98 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പെറുവിന്റെ തലസ്ഥാന നഗരമായ ലിമയിലും, രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളിലും ഭൂചലനം ആഘാതം സൃഷ്ടിച്ചു. വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും തടസപ്പെട്ടു. നിരവധി റോഡുകളും തകർന്നു.

ഇതാദ്യമായല്ല പെറുവിൽ ഭൂചലനമുണ്ടാവുന്നത്. 2007 ഓഗസ്റ്റിലും പെറുവിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്ന് രേഖപ്പെടുത്തിയത്. അഞ്ചൂറിലധികം ആളുകൾക്ക് 2007ൽ ജീവൻ നഷ്ടമായിരുന്നു.

You might also like