TOP NEWS| അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും; ഈ മാസം 15ന് സര്‍വീസുകള്‍ സാധാരണ നിലയിലെത്തിക്കാനായിരുന്നു തീരുമാനം

0



ദില്ലി: ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും. ഈ മാസം 15ന് സര്‍വീസുകള്‍ സാധാരണ നിലയിലെത്തിക്കാനായിരുന്നു തീരുമാനം. ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുനരാലോചന.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിലവിലെ സര്‍വീസുകള്‍ തുടരും. എന്നാല്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അതിനിടെ ലണ്ടനിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കൊറോണ വൈറസിന്‍റെ ഏതു വകഭേദമാണെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

അതിവേഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം കർശനമായി പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള നാല് വിമാനങ്ങളിലായി 1013 പേർ ഡൽഹി വിമാന താവളത്തിലെത്തി. ഇവരുടെ പരിശോധനകൾ പൂർത്തിയാക്കി നിരീക്ഷണം ആരംഭിച്ചു.

You might also like