എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെടുത്താൻ കർമപദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്
എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന പരാതികളും പോരായ്മകളും പരിഹരിക്കാൻ കർമ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. അടുത്തിടെയാണ് ടാറ്റ ഗ്രൂപ്പ് ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായിരുന്ന എയർ ഇന്ത്യയുടെ ഓഹരികൾ സ്വന്തമാക്കിയത്. നിരന്തരം പരാതികളുയർന്നിരുന്ന എയർഇന്ത്യയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഗ്രൂപ്പ് 100 ദിന കർമ പദ്ധതി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാരുടെയും കോൾ സെന്ററിന്റെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കും. ആദ്യ 100 ദിവസങ്ങളിൽ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇക്കാര്യത്തിൽ പുരോഗതി പ്രതീക്ഷിക്കാം. സമയക്രമം പാലിക്കൽ, യാത്രക്കാരുടെ പരാതികൾ ഇവയെല്ലാം എല്ലാ മാസവും റിപ്പോർട്ട് ചെയ്യും. ഈ സമയത്ത് ഇവയിലുണ്ടാകുന്ന പുരോഗതി എല്ലാവർക്കും കാണാനാകുമെന്നും ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.