ബിപിൻ റാവത്തിന് പിൻഗാമിയെ കണ്ടെത്താൻ നീക്കം തുടങ്ങി
സംയുക്ത സേന മേധാവി ബിപിൻ റാവത്ത് മരിച്ചതോടെ പിൻഗാമിയെ കണ്ടെത്താൻ നീക്കം തുടങ്ങി. കര -നാവിക -വ്യാമ സേനകളുടെ തലവന്മാരെയാണ് ഈ പദവിയിലേക്കു പരിഗണിക്കുക. സീനിയോറിട്ടി പരിഗണിക്കുമ്പോൾ കരസേന മേധാവി എം.എം. നരവനെയ്ക്കാണ് സാധ്യത. ബിപിൻ റാവത്ത് തുടങ്ങി വച്ച സൈന്യത്തിന്റെ പരിഷ്‌ക്കരണം, പുതിയ തിയറ്റർ കമാൻഡ് രൂപീകരണം എന്നിവയൊക്കെ തന്നെയാകും അടുത്ത സംയുക്ത സേനാമേധാവിയുടെ വെല്ലുവിളി. വിവാദമൊഴിവാക്കി പുതിയ മേധാവിയെ കണ്ടെത്താനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. 2019 ഡിസംബർ അവസാനം കരസേനാ മേധാവി സ്ഥാനം ഒഴിഞ്ഞ പിറ്റേ ദിവസം ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയോഗിക്കുകയായിരുന്നു. ഈ കീഴ്‌വഴക്കം പരിഗണിച്ചാൽ നിലവിലെ കരസേനാ മേധാവി എംഎം നരവനെയെയാണ് നിയോഗിക്കേണ്ടത്. സംയുക്ത സേനാ മേധാവിയെ നിയോഗിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങളോ ചട്ടമോ ഇല്ലെന്നത് കേന്ദ്രത്തിന്റെ മുന്നിൽ ഒരേ സമയം അവസരവും വെല്ലുവിളിയുമാണ്.