ഒമിക്രോണിനെ കരുതിയിരിക്കണം, ജാഗ്രത കൈവിടരുത്: പ്രധാനമന്ത്രി
ഒമിക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകീ ബാത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഒമിക്രോണിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നതെന്നും കോവിഡിന്റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നതിനാലാണ് മഹാമാരിയെ നേരിടാനായതെന്നും 140 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂനൂർ അപകടത്തിൽ മരിച്ചവരെ പ്രധാനമന്ത്രി ആദരിച്ചു. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് -19 വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ആകെ 13 കോടി പേർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. മൂന്നു കോടി ആരോഗ്യ പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ള പത്ത് കോടി പേർക്കും ഡോസ് ലഭിക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് അറിയിച്ചു. രാജ്യത്ത് പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുവദിക്കുന്നതായി ഇന്നലെ അറിയിച്ചിരുന്നു. 15 നും 18 നും ഇടയിലുള്ള 7.4 കോടി കുട്ടികൾക്കാണ് വാക്‌സിൻ ലഭിക്കുകയെന്നും പറഞ്ഞു.