ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു; സ്കൂളുകളും കോളജുകളും അടച്ചിടും, മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ

0



ദില്ലി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും തുറക്കുക.

ദിനംപ്രതി കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിൽ യെല്ലോ അലർട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡിനെതിരെ പോരാടാൻ മുൻപത്തേക്കാൾ 10 മടങ്ങ് തയ്യാറാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും ഓക്സിജൻ, വെന്റിലേറ്റർ എന്നിവയുടെ ഉപയോഗത്തിൽ വർധനവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബർ 27 മുതൽ ഡൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അവശ്യസേവന വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് രാത്രി 11 മുതൽ പുലർച്ചെ 5 വരെ നിരോധനമുണ്ട്. പുതുവത്സര ആഘോഷങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like