ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; ആയിരത്തോളം പൊലീസുകാര്‍ക്ക് രോഗം
അഡീഷണൽ കമ്മീഷണറും വക്താവുമായ ചിൻമോയ് ബിസ്വാൾ ഉൾപ്പെടെയുള്ള ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരിൽ ഉൾപ്പെടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വീടുകളിൽ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡെപ്യൂട്ടി വക്താവ് അനിൽ മിത്തൽ പറഞ്ഞു. ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അനില്‍ വ്യക്തമാക്കി. ഈ വർഷം ഇതുവരെ സേനയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം കൂടിയാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രോഹിണിയിലും ഷഹ്‌ദരയിലും യഥാക്രമം എട്ട് വെൽനസ് സെന്‍ററുകളും രണ്ട് കോവിഡ് കെയർ സെന്‍ററുകളും പൊലീസിനായി മാറ്റിവെച്ചിട്ടുണ്ട്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർമാരും യൂണിറ്റ് മേധാവികളും ഉൾപ്പെടുന്ന നോഡൽ ഹെൽത്ത് ഓഫീസർമാർ- ഇൻസ്‌പെക്ടർ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉദ്യോഗസ്ഥരെയോ അവരുടെ ബന്ധുക്കളെയോ, അവർ രോഗമുക്തി നേടുന്നതു വരെ പതിവായി സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്.