അഞ്ചുവർഷമായി തളർന്നുകിടപ്പിൽ; കോവിഡ് വാക്‌സിനെടുത്ത പിറ്റേന്നാള്‍ എഴുന്നേറ്റു നടന്ന് 55കാരന്‍
ഡോക്ടർമാർ എഴുതിത്തള്ളിയ രോഗികൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന നിരവധി ‘അത്ഭുതസംഭവങ്ങൾ’ കേൾക്കാറുണ്ട്. അതുപോലൊരു സംഭവമാണ് ജാർഖണ്ഡിൽനിന്ന് പുറത്തുവരുന്നത്. അപകടത്തെത്തുടർന്ന് അഞ്ചുവർഷത്തോളമായി തളർന്നു കിടപ്പിലായയാൾ കോവിഡ് വാക്‌സിനെടുത്തതോടെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയിരിക്കുന്നു!. ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ ഉത്തസാരയിലാണ് ഇത്തരത്തിലൊരു കൗതുകസംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദുലാർചന്ദ് മുണ്ടയ്ക്ക് അഞ്ചുവർഷം മുൻപാണ് ഒരു റോഡപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തോളമായി നടക്കാനും എഴുന്നേൽക്കാനും സംസാരിക്കാനുമൊന്നുമാകാതെ വീട്ടിൽ തളർന്നുകിടപ്പായിരുന്നു.