ഫ്രീ സോണുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും ദീർഘകാല വിസ ഇനി അതിവേഗം

0

ഒമാനിൽ ഫ്രീ സോണുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും വിദേശികൾക്ക് ദീർഘകാല വിസ ഇനി അതിവേഗം ലഭിക്കും. വൺ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കിയതായി ഒപാസ് അധികൃതർ അറിയിച്ചു. ആഭ്യന്തര ഉത്പന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ദീർഘകാല വിസാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപകർക്ക് വൺ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി അപേക്ഷിക്കാൻ സാധിക്കുമെന്ന് ഒപാസ് പ്രതിനിധി ഡോ. സഈദ് ബിൻ ഖലീഫ അൽ തുറാശി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ തുടക്കം കുറിച്ച് ദീർഘകാല വിസക്ക് മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് ലഭിച്ചു. ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉത്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക. നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസാനുമതി നൽകുക.

You might also like