ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
യാത്രാ ഇളവുകളെല്ലാം പുനഃസ്ഥാപിക്കില്ല
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെത്തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി 2020ല്‍ നിര്‍ത്തിവച്ച ട്രെയിന്‍ യാത്രാ നിരക്കിലെ എല്ലാ ഇളവുകളും പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. (Indian Railway) മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെയുള്ള നിരക്കിളവുകള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബിനോയ് വിശ്വം, പി.വി. അബ്ദുല്‍ വഹാബ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അശ്വനി വൈഷ്ണവ്. ഇപ്പോള്‍ ഇളവു ലഭിക്കുന്നത് ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ (തിരഞ്ഞെടുത്ത വിഭാഗങ്ങള്‍) എന്നിവര്‍ക്ക് മാത്രമാണ്. അതിനു മുന്‍പ് 53 വിഭാഗങ്ങളിലാണ് ഇളവ് അനുവദിച്ചിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ വളരെ കുറവാണ് 2020, 21 വര്‍ഷത്തെ വരുമാനമെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ ഇളവുകളും പുനഃസ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.