ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്
ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലെത്തും.രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തിൽ 2.27 കോടി വോട്ടർമാരാണുള്ളത്. പടിഞ്ഞാറൻ യുപിയിലെ11 ജില്ലകളിലെ അൻപത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 53 സീറ്റുകളും സമാജ് വാദി പാർട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആർഎൽഡി ഒരു സീറ്റും നേടിയിരുന്നു. കർഷക സമരത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആർഎൽഡി സഖ്യത്തിനുള്ളത്.