നിർമ്മാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞു; ഒമ്പതുപേർ മണ്ണിനടിയിൽ കുടുങ്ങി
മധ്യപ്രദേശിലെ കട്നി ജില്ലയിലെ സ്ലീമനാബാദിൽ ബർഗി കനാൽ പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം ഇടഞ്ഞ് ഒമ്പത് തൊഴിലാളികൾ കുടുങ്ങി. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും ഏഴുപേരെ രക്ഷിച്ചെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഇനിയും രണ്ടുപേർ മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിതമായി രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദുരന്തനിവാരണ സേന. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടർ പ്രിയങ്ക് മിശ്രയും എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ണ് മാറ്റിയാണ് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ കലക്ടറോട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ ലഭ്യമാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.