കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കുവൈറ്റ്
കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്‌സിനെടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കും. ഇളവുകള്‍ ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. തിങ്കളാഴ്ചവൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത് കുവൈത്ത് അംഗീകരിച്ച വാക്‌സിന്റെ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ പി.സി.ആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവര്‍ കുവൈത്തില്‍ വാക്‌സിന്‍ പൂര്‍ത്തിയാകാത്തവരുടെ ഗണത്തിലാണ് ഉള്‍പ്പെടുക ഇവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താലേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ. ഇത്തരക്കാര്‍ക്കും യാത്രക്ക് മുന്‍പുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ കുവൈത്തിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.
വാക്‌സിന്‍ തീരെ എടുക്കാത്തവര്‍ക്കും ഒറ്റ ഡോസ് മാത്രം എടുത്തവര്‍ക്കും 72 മണിക്കൂര്‍ സമയപരിധിയിലെ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാവുന്നതാണ്. ഇവര്‍ക്ക് 7 ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കുത്തിവെപ്പ് നിര്‍ബന്ധമല്ലാത്ത 16 വയസിന് താഴെയുള്ളവര്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. മാര്‍ച്ച് 13 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.